സൂര്യരഥം തെളിച്ച് ആകാശത്തിലൂടെസഞ്ചരിക്കുന്ന അപ്പോളോ ദേവനെപ്രണയിച്ച പെൺകുട്ടി.



ഗ്രീസിലെ അതി സുന്ദരിയായ ജല കന്യകയായിരുന്നു ക്ലൈറ്റി, സ്വർണ്ണത്തലമുടിയുളള പെൺകൊടി. സൂര്യ രശ്മികൾ സ്വർണ്ണത്തലമുടിയിൽ തട്ടുമ്പോൾ അവ വെട്ടിത്തിളങ്ങും. ക്ലൈറ്റി സൂര്യനെത്തന്നെ നോക്കിനില്ക്കും. അപ്പോളോ ദേവൻ സൂര്യരഥത്തിൽ വിജയ വിരാജിതനായി നിങ്ങുന്നതു കാണുമ്പോൾ അവൾ പുളകിതഗാത്രയാകും. അപ്പോളോ ദേവൻ സുന്ദരനാണ്. അരോഗദൃഢ ഗാത്രനാണ്. കരുത്തേറിയ കരങ്ങൾ കൊണ്ട് അദ്ദേഹം സൂര്യരഥത്തിലെ കുതിരകളുടെ കടിഞ്ഞാൺ പിടിച്ചിരിക്കുന്നു. ആകാശനീലിമയിലൂടെ തേരു തെളിച്ചു പോകുന്ന അപ്പോളോ ദേവനെ അവൾ നിർന്നിമേഷയായി നോക്കി നില്ക്കും. അരുണോദയത്തിനു മുൻപേ ക്ലൈറ്റി ഉണരും. സൂര്യരഥം കടലിൽ മുങ്ങുന്നതു വരെ അവൾ അപ്പോളോ ദേവനെ മാത്രം ധ്യാനിച്ചുകൊണ്ട് നില്ക്കും. അസ്തമയം കഴിഞ്ഞാൽ അവൾ കണ്ണീർക്കയത്തിൽ മുങ്ങി ദു:ഖിതയാകും. ഓരോ പ്രഭാതവും പൊട്ടി വിരിയുന്നതിനായി അവൾ കാത്തിരിക്കും. അപ്പോളോ ദേവൻ ദിവസവും സൂര്യരഥം തെളിച്ചു കൊണ്ട് പോകുമ്പോൾ തന്നെ നോക്കുമെന്നും തന്നിൽ അനുരക്തയാകുമെന്നും സ്വപ്നം കണ്ടു. അവളുടെ സ്വർണ്ണത്തലമുടി നാൾക്കുനാൾ നിണ്ടുവന്നു. ജലപാനം പോലുമില്ലാതെ അവൾ കാത്തിരുന്നു. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. സ്വർണ്ണത്തലമൂടി പുഷ്പ ദളങ്ങളായി മാറി. കൈകാലുകളും വിരലുകളും പച്ചത്തണ്ടുകളായി അവൾ സൂര്യകാന്തിപ്പുവായിത്തീർന്നു. നിസ്തന്ദ്രമായ ധ്യാനവും പ്രാർത്ഥനയും കൊണ്ട് ആ പൂവ് ഇമവെട്ടാതെ അപ്പോളോ ദേവനെ തന്നെ നോക്കി നിന്നു. അപ്പോളോ ദേവന്റെ സൂര്യരഥം കിഴക്കു നിന്ന് സഞ്ചരിച്ച് പടിഞ്ഞാറ് സമുദ്രത്തിൽ മറയുമ്പോൾ ആ പൂവിന് ദുഃഖമാവും. സൂര്യകാന്തി പൂവായിത്തീർന്ന ക്ലൈറ്റി സൂര്യനഭിമുഖമായി മുഖം തിരിച്ചു കൊണ്ടിരുന്നു. അപ്പോളോ ദേവന്റെ നിത്യ കാമുകിയായി പരിലസിക്കുന്ന സൂര്യകാന്തിപ്പൂവ് പ്രേമ തപസ്യയുടെ പ്രതീകമായിത്തീർന്നു. സൂര്യനോടുളള ദിവ്യ പ്രേമത്തിന്റെ നേർ സാക്ഷിയായി സൂര്യകാന്തിപ്പൂവ് അനശ്വരമായി ഗ്രീസിൽ മാത്രമല്ല ലോകത്താകെ വിടരുന്നു.

പ്രൊഫ.ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ