ചന്ദ്രയാൻ 3 കഴിഞ്ഞ് ആദിത്യ L1 സൂര്യ രഹസ്യം അറിയാൻ തൊടുത്തുവിട്ടിട്ടുണ്ട്. സൂര്യനേയും ഹനുമാനേയും സംബന്ധിച്ച് ഒരു പുരാണ കഥയുണ്ട്. അഞ്ജന എന്ന വാനര സ്ത്രീയ്ക്ക് വായു ഭഗവാനിൽ ജനിച്ച ഹനുമാൻ ചെറുപ്പത്തിലേ വീരശൂര പരാക്രമിയായിരുന്നു. തുടുത്തു മുഴുത്തു വിളങ്ങുന്ന സൂര്യബിംബം ആഹാരമാണെന്നു കരുതി ഭക്ഷിക്കാൻ സൂര്യന്റെ നേർക്കു ആ പയ്യൻ കുതിച്ചടുത്തു.. അപ്പോഴാണ് അതിലും വലുതായ രാഹുവിനെ കണ്ടത്. രണ്ടും വിഴുങ്ങാൻ ഹനുമാൻ ശ്രമിച്ചപ്പോൾ അതിന്റെ അപകടം മനസ്സിലാക്കിയ ദേവേന്ദ്രൻ തന്റെ വജ്രായുധം ഹനുമാന്റെ നേർക്കു പ്രയോഗിച്ചു. വജ്രായുധം ഹനുമാന്റെ താടിയിൽ തട്ടി മുറിവുണ്ടായി. (ഹനു എന്നാൽ താടി എന്നാണർത്ഥം) ആ മുറിപ്പാട് കാരണമാണ് ഹനുമാന് ആ പേരുണ്ടായത്. വായു ഭഗവാൻ കോപിച്ചു വശായി. ഒടുവിൽ എല്ലാ ദേവന്മാരും ഹനുമാനു ബഹുവിധ ശക്തികൾ നല്കി. ഈ പുരാണകഥ വാല്മീകി രാമായത്തത്തിലും കമ്പരാമായണത്തിലുമുണ്ട്. ഒരു മിത്തിന്റെ കാര്യം പറഞ്ഞു വെന്നു മാത്രം. അത് ശാസ്ത്രവുമായി കുട്ടിക്കുഴയ്ക്കല്ലേ. ISRO യുടെ ആകാശ പര്യവേക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ചന്ദ്രയാൻ 3 പതിന്നാലു ദിവസം പൂർത്തിയാക്കി. ഇപ്പോൾ നിദ്രയിലാണ്. നാം കല്പിക്കുന്ന കറുത്തവാവും വെളുത്തവാവും ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രനിലിറങ്ങിയ ഉപഗ്രഹം വളരെയേറെ വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ച് അയച്ചു തുടങ്ങിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പല വിലപ്പെട്ട മൂലകങ്ങളും ഓക്സിജനും കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രനിൽ ജലം സൃഷ്ടിക്കാൻ കഴിയുമെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി’ എന്ന് പ്രധാനമന്ത്രി പേരിട്ടിരിക്കുന്നു. ആദിത്യ L1 യാത്രയ്ക്കിടയിൽ ഭൂമിയുടേയും ചന്ദ്രന്റേയും ഒരുമിച്ചുള്ള ചിത്രം അയച്ചു കൊടുത്തു. ഇപ്പോൾ തന്നെ നാല് ഘട്ടം തരണം ചെയ്തു. 15 ലക്ഷം കിലോമീറ്ററിലധികമുള്ള ദൂരമത്രയും താണ്ടിയാണ് സൂര്യനടുത്ത് എത്തുക. പ്രധാനപ്പെട്ട പല വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു തുടങ്ങി. ISRO രൂപ കല്പന ചെയ്ത ഉപഗ്രഹങ്ങൾ വളരെ കൃത്യമായി ഭൂമിയിലിരുന്നു നിയന്ത്രിക്കുന്നതിനനുസരിച്ച് യാത്ര തുടരുകയാണ്. ശാസ്ത്രത്തിന്റെ പുരോഗതി ആകാശാതിർത്തികളിൽ അത്ഭുതങ്ങൾ വിരിയിച്ചു കൊണ്ടാണ് മുന്നേറുന്നത്. സ്പെയിസ് ടെക്നോളജിയുടെ അനന്ത സാധ്യതകൾ നമ്മൾ കണ്ടെത്തി, ലോക രാഷ്ട്രങ്ങൾക്കു മുൻ നിരയിലേക്കു ഉയർന്നിരിക്കുന്നു. കാണാമറയത്തുള്ള രഹസ്യത്തിന്റെ ചുരുളഴിയുമ്പോൾ ആകാശാതിശയത്തിന് നാം ദൃക്ക് സാക്ഷികളാകുന്നു. മനുഷ്യനേയും കൊണ്ട് പറക്കാനുളള വിദ്യയും ആരാഞ്ഞു കൊണ്ടിരിക്കയാണ്. ചൊവ്വയിലേക്കും ശുക്രനിലേക്കും ഇനി പരീക്ഷണ പ്രയാണം ഉണ്ട്. ഒടുവിൽ സമുദ്രാന്തർ ഭാഗത്തുള്ള രഹസ്യങ്ങൾ അറിയാൻ സമുദ്രയാൻ ദൗത്യത്തിനും ISRO പരിപാടിയിട്ടിട്ടുണ്ട്. അനന്തമജ്ഞാതവും അവർണ്ണനീയവുമാണ് ഈ ലോക ഗോളം. സീമാതീതമായ ശാസ്ത്ര വളർച്ചയ്ക്ക് വഴിയൊരുക്കുന്ന നമ്മുടെ ISRO ശാസ്ത്രജ്ഞർ നമുക്കു അഭിമാനമാണ്. സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കാൻ കഴിയാതിരുന്ന, ഒരു ചാൺവയറു നിറയ്ക്കുവാൻ ഭക്ഷണം പോലുമില്ലാതിരുന്ന നമ്മുടെ ഇന്ത്യ പ്രതിരോധ രംഗത്തും വൈദ്യ ശാസ്ത്ര രംഗത്തും സാമ്പത്തിക രംഗത്തും അസൂയാർഹമായ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിജയകരമായാണ് നമ്മുടെ ചന്ദ്രയാൻ 3 , ആദിത്യ L1 ആകാശ ദൗത്യം പൂർത്തിയാക്കാനൊരുങ്ങുന്നത്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ഒരു ശതമാനം ദൂരത്തിനടുത്തു തമ്പടിച്ചു കൊണ്ടായിരിക്കും അടുത്ത ദൗത്യം പൂർത്തിയാക്കുക. ആ യാത്രയിൽ കണ്ട വിസ്മയങ്ങൾ നാം അറിയാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്നു. നൂലു കെട്ടിപ്പിടിച്ചതുപോലെയുള്ള യാത്രയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ ഭൂമിയിലിരുന്നു നിയന്ത്രിക്കുന്നത്. കാലത്തേക്കാൾ മുൻപേ ശാസ്ത്രം പറ പറക്കുന്നു. മറ്റു രാജ്യങ്ങളും അടങ്ങിയിരിക്കുന്നില്ല. അവരും അന്യ ഗ്രഹങ്ങളിൽ വാസമുറപ്പിക്കാൻ മത്സരിക്കുകയാണ്. കൊച്ചു മനുഷ്യരും വലിയ ലോകവും അത്ഭുതക്കാഴ്ചകളും സങ്കല്പാതീതമാണ്. ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർത്തിയാക്കിയതിനു ശേഷം ഉറക്കത്തിലാണ്. ഇനിയും ഉണരാം. സൂര്യപ്രകാശം വിഴൂന്ന മുറയ്ക്ക് പ്രവർത്തനം തുടരും. അതൊരു അപൂർവ്വ സംഭവമാകും. ചന്ദ്രയാൻ ചാടി മറ്റൊരിടത്തു സ്ഥാനമുറപ്പിച്ചത് ലോകത്തിനു അത്ഭുതമാണ്. ചന്ദ്രനിൽ ഇന്ധനക്ഷമത ഉണ്ടായാൽ ഉപഗ്രഹങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുളള സബ് സ്റ്റേഷനായി മാറും. അതു മറ്റു ലോക രാഷ്ട്രങ്ങളുടെ ഉപഗ്രഹ ഗതിക്ക് വഴിയൊരുക്കും.ഭൂമിയിലെ വഴിയോര പെട്രോൾ പമ്പു പോലെ ബഹിരാകാശ ഉപഗ്രഹങ്ങൾക്കു ഇന്ധനം നിറയ്ക്കാനുള്ള സ്റ്റേഷനായി ചന്ദ്രൻ രുപാന്തരപ്പെടാൻ സാദ്ധ്യതയുണ്ട് ചന്ദ്രനിൽ ഇപ്പോൾ പല രാജ്യങ്ങളും തൊടുത്തു വിട്ട്, അവിടെ പതിച്ച പല അവശിഷ്ടങ്ങളും റഷ്യയുടെ ലൂണാ ഉൾപ്പെടെ അവിടെ കിടപ്പുണ്ട്. അന്യഗ്രഹ ജീവികളെ (ഉണ്ടെങ്കിൽ ) കണ്ടെത്തിയാൽ അവരുമായി സമ്പർക്കത്തിലോ ശത്രുതയിലോ ഏർപ്പെടാൻ കഴിയുമായിരിക്കും. ഈ അണ്ഡകടാഹത്തിൽ ചെറുതും വലതുമായ എത്രയോ ഗ്രഹങ്ങളുടെ നിജസ്ഥിതി അറിയാനിരിക്കുന്നു.
പ്രൊഫ. ജി.ബാലചന്ദ്രൻ
#AdithyaL1 #chandryan3 #hanuman