മനസ്സിൽ നന്മയുടെ ഉറവ വറ്റാത്തവർ ഒരിക്കലെങ്കിലും “സേവനം” എന്ന ഗാന്ധിമാർഗത്തെക്കുറിച്ച് അറിയാതെ പോവരുത്.. മഹാത്മാവ് എന്നും അധികാരിവർഗത്തോട് വിനയത്തോടെ പറയുന്ന ചെറിയ വാക്യമുണ്ട്: ” നിങ്ങൾ ഓരോ തീരുമാനം എടുക്കുമ്പോഴും സമൂഹത്തിൻ്റെ അടിത്തട്ടിലെ അവസാന കണ്ണിയായ സാധാരണ മനുഷ്യനെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് പല തവണ ആലോചിക്കണം” . ‘ ഒരിക്കൽ മഹാത്മജിയെ കാണാൻ ആശ്രമത്തിലെത്തിയ ഇന്ത്യൻ ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭുവിന് ദീർഘനേരം ഗാന്ധിജിയെ കാത്ത് ആശ്രമത്തിന് പുറത്തിരിക്കേണ്ടി വന്നു. കാരണം , ഗാന്ധിജി അപ്പോൾ ഗ്രാമീണ കർഷകരുടെ പ്രയാസങ്ങൾ കേൾക്കുന്ന തിരക്കിലായിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള സമയം വൈകിയപ്പോൾ മൗണ്ട്ബാറ്റൺ തൻ്റെ നീരസം ഗാന്ധിജിയെ അറിയിച്ചു.. ” ഗാന്ധി- ഞാൻ ഈ രാജ്യത്തിൻ്റെ ഗവർണർ ജനറലാണ്” . അപ്പോൾ ഗാന്ധിജി പറഞ്ഞ മറുപടി ” പക്ഷെ ഈ രാജ്യം ഈ ഗ്രാമീണരുടേതാണല്ലോ ” എന്നാണ്. ഇരിക്കുന്ന സിംഹാസനത്തേക്കാൾ ഭരിക്കപ്പെടുന്നവരുടെ വികാരമാണ് മാനിക്കേണ്ടത് എന്ന് ശഠിച്ച മഹാനാണ് ഗാന്ധിജി . അതു കൊണ്ട് തന്നെ സത്യബോധത്തിൻ്റെ മഹാത്മാവ് ആണയിട്ട് പറഞ്ഞ ധാർമ്മികതയിൽ ഒന്ന് മനുഷ്യ സേവനമാണ്. ദൈവം സ്വർഗത്തിലല്ലെന്നും യഥാർത്ഥ മാധവസേവ മാനവ സേവയെന്നുമാണ് ഗാന്ധിയൻ പക്ഷം. താൻ സമൂഹത്തിൻ്റെ സേവകനും ദാസനുമാണെന്ന ചിന്തയാണ് ഓരോ പൊതുപ്രവർത്തകനിലും ഉണ്ടാവേണ്ടത്. സമ്പാദ്യം സമൂഹത്തിനു വേണ്ടിയാവുമ്പോൾ കൈകൾ വിശുദ്ധമാവും. അഴിമതിയുടെ പാപക്കറ പതിയാതെയാവണം ഓരോ സേവകനും പൊതു സമൂഹത്തിൽ ഇടപെടേണ്ടത്. സമൂഹത്തിൻ്റെ ക്ഷേമത്തിലധിഷ്ഠിതമായിരിക്കണം വ്യക്തിയുടെ ക്ഷേമം. ഗാന്ധിജി എപ്പോഴും പറയുമായിരുന്നു ” എൻ്റെ ദേശസേവനം ശരീരത്തിൻ്റെ കേടുപാടുകളിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്നതിനുള്ള പരിശീലനത്തിൻ്റെ ഭാഗമാണ് എന്ന് ” . ശരിയാണ് , ഗാന്ധിയുടെ ദേശസ്നേഹം എന്നും നിഷ്കാമ കർമ്മമായിരുന്നു. ഒരു പ്രതിഫലവും ആഗ്രഹിക്കാത്ത രാഷ്ട്ര സേവനം .ഇപ്പോൾ പൊതുപ്രവർത്തനം സേവനത്തിൽ നിന്ന് മാറി പണ സമ്പാദനത്തിലേക്ക് പൊതുപ്രവർത്തകർ മാറിയിരിക്കുന്നത് ദയനീയമാണ്. ഗാന്ധിജിയുടെ സേവനപാതയാണ് ശരി. അത് നമുക്കും മാതൃകയാക്കാം.
പ്രൊഫ ജി ബാലചന്ദ്രൻ