സ്നേഹം ആത്മത്യാഗത്തിൽ അധിഷ്ഠിതമായിരിക്കണമെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്.
അതിന് ഉപോൽബലകമായി അദ്ദേഹം ഒരു കഥ പറയുന്നുണ്ട്. ഒരമ്മ താലം നിറയെ പൂക്കളുമായി ക്ഷേത്രത്തിലേക്ക് പോകുകയാണ്. അവരെ കണ്ട മാത്രയിൽ വഴിവക്കിൽ നിന്ന് ഒരു പട്ടി തുടലും പൊട്ടിച്ച് അവർക്ക് നേരെ ചാടിവീണു. പട്ടിയെ കണ്ടു പേടിച്ച് ആ സ്ത്രീ പൂത്താലം ഇട്ടെറിഞ്ഞു ഓടി.
പിന്നീടൊരിക്കൽ തന്റെ പിഞ്ചോമനക്കുഞ്ഞിനെ സ്കൂളിലാക്കാൻ പോകുമ്പോൾ ഒരു കടുവ വായും പിളർന്നു കുഞ്ഞിന്റെ നേരെ ചാടിവീണു. ആ അമ്മ കുഞ്ഞിനെ പുറകോട്ടു വലിച്ചു മാറ്റിയിട്ട് കടുവയുടെ മുന്നിലേക്ക് കുതിച്ചു. കുഞ്ഞു രക്ഷപ്പെട്ടു. അമ്മ കടുവയുടെ വായിലായി. ഒരു പട്ടിയെ കണ്ടിട്ട് ദേവനർപ്പിക്കാനുള്ള പൂവും താലവും ഇട്ടെറിഞ്ഞ് ജീവനും കൊണ്ടോടിയ അതേ അമ്മയാണ് കുഞ്ഞിനെ രക്ഷിക്കാനായി സ്വന്തം ജീവൻ ബലി കഴിക്കാൻ തയ്യാറായത്. ഇതാണ് ത്യാഗത്തിലധിഷ്ഠിതമായ സ്നേഹം.
പ്രൊഫ.ജി.ബാലചന്ദ്രൻ