സൈപ്രസിലെ രാജാവായ പിഗ് മാലിയൻ അനുഗ്യഹീതനായ ശില്‌പിയായിരുന്നു. ദേവന്മാരുടേയും ദേവതകളുടേയും കമനീയ ശില്പങ്ങൾക്ക് രൂപം നല്കി. ആരെയും ഹഠാദാകർഷിക്കുന്ന ദേവ ശില്പങ്ങൾ.
രാജാവ് പിഗ്മാലിയൻ വിവാഹം കഴിച്ചിട്ടില്ല. ഒരു സ്ത്രീ വിരോധിയായിരുന്നു. ഒരിക്കലും സ്ത്രീകളെ സ്നേഹിക്കുകയില്ലെന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. കാലം കടന്നു പോയി. ഒരിക്കൽ പിഗ് മാലിയൻ ചിന്തിച്ചു. ഇനി ഒരു മനുഷ്യ സ്ത്രീ രൂപത്തെ നിർമ്മിച്ചാലെന്താ? ആനക്കൊമ്പിൽ ഒരു സ്ത്രീയുടെ സുന്ദര രൂപത്തിനു ജന്മം കൊടുത്തു. ഹൃദയഹാരിയായ ആ പ്രതിമ രാജ ശില്‌പിയുടെ മനം കവർന്നു. നിനക്കു ജീവനുണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ പട്ടമഹിഷിയാക്കുമായിരുന്നു. ആ പ്രതിമയെ പിഗ്മാലിയൻ പ്രണയിച്ചു,പൂജിച്ചു,പൂവുകൾ ചാർത്തി. പ്രതിമയ്ക്ക് പാദസരങ്ങളും കണ്ഠാഭരണങ്ങളും ചാർത്തി പകരം സ്നേഹം പകരാൻ ആ നിശ്ചല പ്രതിമയ്ക്കു കഴിഞ്ഞില്ല.
അഫ്രോഡിറ്റി ദേവിയുടെ ഉത്സവത്തിന് പിഗ്മാലിയനെത്തി. പ്രണയ സാഫല്യത്തിനായി പ്രാർത്ഥിച്ചു. ആ ശില്പിയുടെ പ്രാർത്ഥന ദേവി കേട്ടു. വീട്ടിലെത്തി. പ്രതിമയെ സ്നേഹ വികാരത്തോടെ ഉറ്റു നോക്കി. അദ്ദേഹം പ്രതിമയെ പൂണർന്നു. അത്ഭുതം. ശില്പിനോക്കി നിൽക്കെ ആ കലാ രൂപം ചലിക്കുന്നു. പ്രതിമയ്ക്ക് അദ്ദേഹം ഗലാത്യ എന്ന് പേരിട്ടു. ഗലാത്യയുടെ ചുണ്ടിൽ മധുരപ്പുഞ്ചിരി വിടർന്നു ഒരു വാക്കു പറയാൻ ആ പ്രതിമയോട് പിഗ്മാലിയൻ കെഞ്ചി തന്റെ അഭിലാഷങ്ങൾ തുറന്നു പറഞ്ഞു. അവൾ ആനന്ദ തുന്ദിലയായി. മധുരമൊഴിയിൽ “ഹൃദയ നാഥാ” എന്നു വിളിച്ചു. കലാകരന് സ്വർഗ്ഗീയാനുഭൂതി ഉണ്ടായി. ഗലാത്യയെ പിഗ്മാലിയൻ പാണിഗ്രഹണം ചെയ്തു ഭാര്യയാക്കി.
പ്രൊഫ.ജി.ബാലചന്ദ്രൻ