സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിക്ക് ബിഗ് സലൂട്ട്

———————- പ്രിയ സ്നേഹിതരെ,

ഇന്ത്യ നമ്മുടേതായിട്ട് 75 സംവത്സരങ്ങൾ പൂർത്തിയാവുകയാണ്. ഒരു സംസ്കാരമെന്നോ ജീവിതരീതിയെന്നോ പറയാവുന്ന ഇന്ത്യയെന്ന മഹാസംസ്കൃതിക്ക് യുഗങ്ങളുടെ പഴക്കമുണ്ട്. പക്ഷെ അധിനിവേശം നമ്മുടെ അറിവും അർത്ഥവും കോളോണിയൽ ശക്‌തികളുടേതാക്കി. സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയിൽ ജനസംഖ്യ 34 കോടി. സാക്ഷരത 12% വും .. . പട്ടിണിയും പരിവട്ടവുമായി കിടന്ന ഇന്ത്യ. ഇന്നോ? ആ ദു:സ്ഥിതി ഏറെ മാറി. നമ്മുടെ മനുഷ്യ വിഭവശേഷി 139 കോടിയിലെത്തി. ഇന്ന് ആൾബലം കൊണ്ടും ആയുധബലം കൊണ്ടും മാത്രമല്ല , ശാസ്ത്രസാങ്കേതിക രംഗത്തും, ആണവോർജ്ജ മേഖലയിലും, മാനവശേഷിയിലും കാർഷിക രംഗത്തും ആരോഗ്യമേഖലയിലും ഇന്ത്യ മികവിൻ്റെ പര്യായമാണ് . സഹസ്രാബ്ദങ്ങളുടെ ചൂഷണമവസാനിപ്പിച്ച് ലോക ശക്തികളെ വെല്ലുന്ന ഈ പ്രതാപൈശ്വര്യങ്ങൾ നാം നേടിയത് ഉന്നതമായ ജനാധിപത്യത്തിൻ്റെ തണലിലൂടെയാണ്. അടിമത്തമവസാനിപ്പിച്ച് സ്വാതന്ത്ര്യവും ജനാധിപത്യവും സാർത്ഥകമാക്കിയതിൽ മഹാരഥരായ ദേശീയ നേതാക്കളോടുള്ള കടപ്പാട് സീമാതീതമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുൻധാരയിലേക്കു ആദ്യകാലത്ത് വന്നവർ വിദ്യാസമ്പന്നരായ വരേണ്യവർഗ്ഗവുമായിരുന്നു. കോൺഗ്രസ്സിന്റെ ആവിർഭാവത്തോടെയാണ് ഘട്ടംഘട്ടമായി സമരത്തിന്റെ ഗതിവേഗം കൂടിയത്. മഹാത്മാഗാന്ധിയുടെ വരവോടെ അഹിംസാ മാർഗ്ഗത്തിലൂടെയും സത്യാഗ്രഹത്തിലൂടെയും ഇന്ത്യൻ സമരാവേശത്തെ ആളിക്കത്തിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയ ഉജ്ജ്വല സമരനേതാക്കളുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യ സമരത്തിനു ചൂരും ചൂടും പകർന്നു. ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും ഡോ:അംബേദ്കറും പുരോഗതിയിലേക്കുള്ള കർമ്മ പദ്ധതികളെ ത്വരിതപ്പെടുത്തി. ഉണ്ണാനും ഉടുക്കാനും കിടക്കാനും ഇടമില്ലാത്ത ദരിദ്ര കോടികളുടെ ജീവിതത്തെ പുരോഗതിയിലേക്കു നയിച്ചത് ആദ്യകാലത്തെ ഭരണസാരഥികളാണ്.

ഇന്ത്യാ -പാക്കിസ്ഥാൻ വിഭജനം അഭയാർത്ഥി പ്രവാഹം,വംശീയ കലാപം, വിഭാഗീയത ഇവയെല്ലാം പുരോഗതിക്കു തടസ്സമുണ്ടാക്കിയതാണെന്ന സത്യം നാം വിസ്മരിക്കരുത്. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളെല്ലാം അട്ടിമറിയിലൂടെയും കലാപങ്ങളിലൂടെയും ചിന്നിചിതറിയപ്പോൾ ഇന്ത്യ ലോകോത്തര ശക്തിയായി അഭംഗുരം നിലനിന്നു.

സ്വതന്ത്രാനന്തരമുണ്ടായ വർഗ്ഗീയതയുടേയും അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ദൂർഘടങ്ങൾ ഇന്നും നമ്മെ അലട്ടുന്നു എന്നത് സ്വാതന്ത്ര്യത്തിൻ്റെ സന്തോഷത്തിനിടയിലും പറയാതെ വയ്യ. നാം വിജയിച്ചും പ്രതിരോധിച്ചും നിന്നുവെങ്കിലും അതിർത്തിക്കപ്പുറത്തു നിന്നുള്ള കയ്യേറ്റങ്ങൾ ഇന്ത്യയെ ആകെ ഉലച്ചു കളഞ്ഞു. എങ്കിലും നാം

നേട്ടങ്ങളോർത്ത് അഭിമാനിക്കുകയും കോട്ടങ്ങളെ തിരുത്തുകയും വേണം. ഞാനുൾപ്പെടുന്ന ഇന്ത്യൻ ജനത ആത്മ പരിശോധന നടത്തണം. നാടിനു വേണ്ടി നാം ഓരോരുത്തരും എന്തൊക്കെ സേവനങ്ങൾ ചെയ്യുന്നു? കുറ്റങ്ങൾ പറയാൻ എളുപ്പമാണ്. കാലം ഒഴുകിക്കൊണ്ടിരിക്കും. സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ മാത്രമാണ് നാം ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. ക്ഷണനേരം കൊണ്ട് എല്ലാം മറക്കുകയും പുതിയ പ്രശ്നങ്ങളെ എത്തിപ്പിടിക്കുകയും ചെയ്യുന്ന വികാര ജീവികളാണ് നാം. ഒന്നോർത്താൽ നാം എത്രയോ ഭാഗ്യവാന്മാർ. എല്ലാത്തിനും അതൃപ്തി പ്രകടിപ്പിക്കുന്നതും കുറ്റാരോപണം നടത്തി വിമർശിക്കുന്നതും ഭൂഷണമല്ല. പുതു വർഷത്തിലേക്കു കാലെടുത്തു വയ്ക്കുന്ന നമ്മുടെ മാതൃരാജ്യത്തിന്റെ രക്ഷയ്ക്കും പുരോഗതിക്കും വേണ്ടി വിഭാഗിയത മറന്ന് നമുക്കൊരുമിക്കാമെന്ന് പ്രതിജ്ഞയെടുക്കാം.

ഭാരതത്തിന്റെ യശസ്സും ഐക്യവും മതനിരപേക്ഷതയും നിലകൊള്ളുന്നത് നമ്മുടെ മഹനീയ സംസ്ക്കാരത്തിന്റെ സുകൃതം കൊണ്ടാണ്. 75ാം സ്വാതന്ത്ര്യ വാർഷികത്തിനു ബിഗ് സലൂട്ട്.

പ്രൊഫ.ജി.ബാലചന്ദ്രൻ

#76thindependenceday

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക