സർവ്വത്ര അരാജകത്വത്തിന്റെ കരിനിഴലുകൾ

അടിതൊട്ട് മുടി വരെ അരാജകത്വത്തിന്റെ നിഴൽപ്പാടുകൾ വട്ടമിട്ട് നടമാടുന്നു. ജനങ്ങൾക്കാകെ അസ്വസ്ഥതയും ഭയവും വിഷാദരോഗവും. രാഷ്ട്രീയപ്പാർട്ടികളും തീവ്രവാദ സംഘടനകളും നാവുകൊണ്ടും ആയുധം കൊണ്ടും പടവെട്ടുന്നു. ഏറുപടക്കം മുതൽ ബോംബു വരെ എറിയുന്നു. സമരവും പ്രതിരോധവും. റോഡു നിറഞ്ഞ് ജാഥകൾ നടത്തുന്നു. സ്വപ്ന സുരേഷ് തുറന്നുവിട്ട ആരോപണത്തിന്റെ പേരിൽ വാക്ക്പോരുകളാണ്. അവരെ വളഞ്ഞിട്ടാക്രമിക്കുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാനാവുന്നില്ല. നിത്യവും റോഡപകടങ്ങളും മരണങ്ങളും. പ്രളയവും ഉരുൾ പൊട്ടലും കൊറോണയും രണ്ടു വർഷം ഇവിടെ തിമിർത്താടി. ഇപ്പോഴും അതിനു ശമനമില്ല. ശ്വാസം നേരേ വീണപ്പോൾ ഒമിക്രോണിന്റെ വരവായി; ഇപ്പോഴാകട്ടെ കുരങ്ങുപനിയും. കാലാവസ്ഥാ വ്യതിയാനം മാറിമറിയുന്നു. വൈറൽപനി സാർവ്വത്രികമായി പടർന്നിട്ടുണ്ട്. ജനങ്ങൾക്കാകട്ടെ ശരീരത്തിനും മനസ്സിനും പ്രതിരോധശേഷി ക്ഷയിച്ചു.

തീവ്രവാദം പുതിയ രൂപത്തിൽ വന്ന് അരുംകൊലകൾ നടത്തുന്നു. ഉക്രയിനിലും ശ്രീലങ്കയിലും ഉരുത്തുരിഞ്ഞ കലാപങ്ങൾ നമ്മളേയും ഗ്രസിക്കുന്നു. ബാണം പോലെ കുതിച്ചുയരുന്ന വില സാധാരണക്കാരന്റെ മടിശീല കാലിയാക്കുന്നു. ആത്മഹത്യകളും സ്ത്രീ പീഡനങ്ങളും ശിശു പിഡനങ്ങളും നാൾക്കുനാൾ പെരുകുന്നു.

മദ്യം ഉല്പാദിപ്പിക്കാനും മദ്യത്തിന്റ ഔട്ട്ലെറ്റുകൾ കൂടുതൽ തുറക്കാനും സർക്കാർ ശ്രമിക്കുകയാണ്. വഴി നീളെ മാല പൊട്ടിക്കൽ തുടർക്കഥയായിട്ടുണ്ട്. പുതിയ പുതിയ മയക്കു മരുന്നുകൾക്ക് അടിപ്പെട്ടവർ പണമുണ്ടാക്കാൻ ഏതു കുത്സിത മാർഗ്ഗവും സ്വീകരിക്കുന്നു. വൃദ്ധരും സ്ത്രീകളും മാത്രമുള്ള വീടുകളിൽ മോഷണവും ബലാത്സംഗവും നടത്തുന്നു. 14 വയസ്സുകാരൻ 74 വയസ്സുകാരിയെയാണ് പിഡിപ്പിക്കുന്നത്. കൊട്ടേഷൻ സംഘങ്ങൾ നവീന അടവുകളുമായി നാട്ടിൽ വിലസുന്നു. രാഷ്ട്രീയ ലഹരി ബാധിച്ച യുവാക്കൾ എന്തിനോ വേണ്ടി വിരയുന്നു. സമര മുഖത്ത് യുവതികളും മുൻപന്തിയിലേക്കു വന്നിട്ടുണ്ട്. സമരക്കാരെ നേരിടാൻ ബാരിക്കേടുകൾ മതിയാകുന്നില്ല. ജല പീരങ്കിയും കണ്ണീർ വാതകവും സമരക്കാരെ മാത്രമല്ല വഴിയാത്രക്കാരെയും ബാധിക്കുന്നു.. ട്രാൻസ്പോർട്ടിലെ മിന്നൽ പണിമുടക്ക് യാത്രാ ദുരിതമുണ്ടാക്കുന്നു. ഭരണം ഫാസിസ്റ്റു മുറയിലേക്ക് നീങ്ങുന്നു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും വലിയ വലിയ ജോലികളിൽ നിയമിക്കപ്പെടുന്നു. യോഗ്യതയുള്ളവർ പുറത്ത് വായും പൊളിച്ചു നിൽക്കുകയാണ്. ബന്ധു നിയമനങ്ങൾ സർവ്വവ്യാപിയായിരിക്കുന്നു. വീണ്ടും കിറ്റുകൾ കൊടുത്തും പെൻഷൻ കൊടുത്തും സമ്മതിദായകരെ പാട്ടിലാക്കാൻ ശ്രമിക്കുകയാണ്. പാവം ജനങ്ങൾ അതിന്റെ വിഹിതം പറ്റി പക്ഷം പിടിക്കുന്നു.

റോഡു പണിയും കെട്ടിട നിർമ്മിതിയും പാലം നിർമ്മാണവും അഴിമതിയുടെ കുത്തരങ്ങാണ്. പഞ്ചായത്താഫീസു മുതൽ സെക്രട്ടറിയേറ്റു വരെ കൈക്കൂലിയുടെ വിളയാട്ടം തന്നെ.

ചില വാർത്തകൾ തമസ്കരിക്കുന്നു. മറ്റു ചില വാർത്തകൾ നിറം കലർത്തിയാണ് അവതരിപ്പിക്കുന്നത്. മാധ്യമങ്ങളിലെ അന്തിച്ചർച്ചകൾ അരോചകമാണ്. വിദ്യാഭ്യാസകച്ചവടം കൊടിക്കുത്തിവാഴുന്നു. കുബേരന്മാർ വമ്പൻ മാളികകളും കുറ്റൻ കാറുകളും വാങ്ങി വിലസുമ്പോൾ ദരിദ്ര നാരായണൻന്മാരുടെ കഞ്ഞി കുമ്പിളിൽ തന്നെ.

ഐ. റ്റി. മേഖലയിൽ ശമ്പളം വെട്ടിക്കുറക്കുന്നു. അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലായ്മ മൂലം ദശലക്ഷങ്ങളാണ് നട്ടം തിരിയുന്നത്. പി.എസ്.സി. നിയമനത്തിനു വേണ്ടി കണ്ണിലെണ്ണയുമൊഴിച്ച് യുവാക്കൾ കാത്തിരിക്കുമ്പോൾ ചില മിടുക്കന്മാർ വളഞ്ഞ വഴിയിലൂടെ ജോലികൾ റാഞ്ചിയെടുക്കുന്നു.

ക്ഷേത്രങ്ങളും പളളികളും സാമ്പത്തിക സ്രോതസ്സുകളായി കണ്ടെത്തിയവർ അതിന്റെ തലപ്പത്തുവരാൻ സൂത്രപ്പണികൾ ചെയ്യുന്നു. മത സഭകൾ സമ്പത്തിനു വേണ്ടി തർക്കവും കേസും വഴക്കും വക്കാണവുമായി പൊരിഞ്ഞ മത്സരത്തിലാണ്. ജ്യോതിഷവും മന്ത്രവാദവും കൂടോത്രവും ആൾ ദൈവങ്ങളും എണ്ണത്തിൽ പെരുകുന്നു. അറസ്റ്റും ജാമ്യവും പോലീസ് കേസും തമാശയായി തീർന്നിട്ടുണ്ട്. പോലീസിന്റെ അതിക്രമവും നിഷ്ക്രിയത്വവും തുടർക്കഥയാണ്.

കരിവന്നൂർ സഹകരണ ബാങ്കിൽ ഭീമമായ കൊള്ള.നൂറിലധികം പേരുടെ ലക്ഷക്കണക്കിനുള്ള നിക്ഷേപങ്ങൾ ഇപ്പോൾ കാണ്മാനില്ല.അങ്ങനെ 164 സഹകണ സംഘങ്ങളുടെ സ്ഥിതി ശോചനിയമാണ്. രക്തസാക്ഷികളുടെ ഫണ്ടിലും തിരിമറി.

അഭിമാനക്കൊലയും സദാചാര ആക്രമണവും മൂലം നാട്ടിൽ ചോര മണക്കുന്നു. കേരളത്തിലിപ്പോൾ 64006 കുടുംബങ്ങൾ അതീവ ദാരിദ്ര്യത്തിലാണ്. ഭൂമിയോ വീടോ ഇല്ലാത്തവർ നിരവധി.

നേതാക്കന്മാരുടെ പ്രസ്താവനകളൊക്കെ അരോചകമായി തോന്നുന്നു. രോമമുള്ളവർക്കല്ല, രോമമില്ലാത്തവർക്ക് പോലും രോമാഞ്ചമുണ്ടാക്കുന്നതാണ് നേതാക്കളുടെ പ്രസ്താവനകൾ.

കൊലക്കുറ്റാരോപിതനായ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതും ചാരായക്കേസ് പ്രതിയെ വലിയ പെൺ പള്ളിക്കൂടത്തിന്റെ ഹെഡ് മാസ്റ്ററാക്കിയതും വൃത്തികെട്ട കീഴ്‌വഴക്കമാണ്.

ചുമട്ടുതൊഴിലാളി യൂണിയൻ മുതൽ പോലീസ് അസോസിയേഷൻ വരെയുള്ള എല്ലാ മേഖലയിലേയും യൂണിയൻ നേതാക്കൾ വിളങ്ങി വിലസി വാഴുകയാണ്. തൊഴിലാളികൾക്കു രണ്ടു രൂപാ വർദ്ധിപ്പിക്കുമ്പോൾ യൂണിയൻ നേതാക്കൾക്കു 20 ലക്ഷം രൂപയാണ് പടി. ഇവരുടെയൊക്കെ സ്വത്തിന്റെ സ്രോതസ് അന്വേഷിക്കേണ്ടതാണ്.

ജനങ്ങൾക്ക് അരണയുടെ സ്വഭാവമാണ്

എല്ലാം പെട്ടെന്ന് മറക്കും. അതുകൊണ്ടാണല്ലോ ജനങ്ങളെ കഴുതകൾ എന്ന് വിളിക്കുന്നത്.

പ്രെഫ.ജി.ബാലചന്ദ്രൻ

#അരാജകത്വം

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ