തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്കിന് പതിവുപോലെ കേരളമൊഴിച്ച് ഒരിടത്തും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ദേശീയ പണിമുടക്കിന് കാരണമായി തൊഴിലാളി സംഘടനകൾ മുന്നോട്ട് വെച്ച കാര്യങ്ങളെല്ലാം തർക്കമറ്റവയാണ്. ജീവിത പ്രാരാബ്ദം കൊണ്ട് വലയുന്ന തൊഴിലാളികളുടെ ന്യായമായ എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തണം.
എല്ലാ പാർട്ടികളും ഹർത്താലിനോട് അനുവർത്തിക്കുന്ന സമീപനത്തിൽ മാറ്റമുണ്ടായേ മതിയാവൂ എന്നാണ് എൻ്റെ സുചിന്തിതമായ അഭിപ്രായം. ജനങ്ങളിൽ ബഹുഭൂരിഭാഗവും 48 മണിക്കൂർ ഹർത്താലുകളെ വെറുത്തു തുടങ്ങിയിരിക്കുന്നു. പണ്ട് ഹർത്താലുകളെ എതിർത്തത് വരേണ്യ വർഗമെങ്കിൽ ഇന്ന് സാധാരണക്കാരനും ഹർത്താൽ എന്നു കേട്ടാൽ ചതുർത്ഥിയാണ്. തൊഴിലാളി സംഘടനകൾക്ക് ഹർത്താൽ പ്രഖ്യാപിക്കാൻ അവകാശം ഉള്ളതുപോലെ തന്നെ ജനങ്ങൾക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഹർത്താലിൽ നിന്ന് വിട്ട്നിൽക്കാൻ ന്യായമായ അവകാശമുണ്ട്.
രണ്ട് ദിവസത്തെ സമരം കൊണ്ട് ഏതാണ്ട് 500 കോടി രൂപയുടെ വരുമാന വിഭവ നഷ്ടം കേരളത്തിനുണ്ടായി. സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ കടബാധ്യത നിലവിലുണ്ട്. അതിൻ്റെ മുതലും പലിശയും അടച്ചു തീർക്കാനുള്ള ശേഷി ഇല്ല. എത്ര പാവപ്പെട്ടവരാണ് ഹർത്താൽ കാരണം ദുരിതത്തിലായത്’. അതിനിടയിലാണ് ഇന്ധനവില കുതിച്ചുയരുന്നത്. അതൊക്കെ ജനജീവിതത്തെ ബാധിക്കുകയും സർവ്വസാധനങ്ങൾക്കും വില വർധിക്കുകയും ചെയ്തു.
കോവിഡ് കാലത്തിനു ശേഷം പിച്ചവെച്ച് നടക്കാൻ തുടങ്ങിയ ചെറുകിട കച്ചവടക്കാർ, ഓട്ടോ റിക്ഷാ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ അങ്ങനെ എത്ര പേരുടെ അന്നമാണ് ഹർത്താൽ മുട്ടിച്ചത് എന്നതിന് വല്ല കയ്യും കണക്കുമുണ്ടോ ? കേരളത്തിൽ ജനങ്ങൾ പുറത്തിറങ്ങാതിരിക്കുന്നതും കടകൾ അടയ്ക്കുന്നതും സമരക്കാരെ ഭയന്നിട്ടാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനം ദേശീയ പണിമുടക്ക് തള്ളിക്കളഞ്ഞു എന്നു വേണം കരുതാൻ. ഹർത്താൽ ദിവസം ഞാൻ തമിഴ്നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വാളയാർ അതിർത്തി കടന്ന് അപ്പുറത്തെത്തിയപ്പോൾ അവിടെ എല്ലാം സാധാരണം. മെട്രോപൊളിറ്റൻ നഗരങ്ങളായ ബാംഗ്ലൂരും, മുംബൈയും, ഡൽഹിയും, ഹൈദരാബാദും, കൽക്കത്തയും എല്ലാം ഹർത്താൽ ദിവസം പണിയെടുത്തു പണം വാങ്ങി പാവങ്ങൾ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു.
കേരളത്തിലെ ചില തൊഴിലാളി സംഘടനാ പ്രവർത്തകർ ജനങ്ങളെ പെരുവഴിയിലാക്കാനും, ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിക്കാനും, കടകളുടെ ഷട്ടർ വലിച്ചു താഴ്ത്താനും , വാഹനം കാറ്റൊഴിച്ചു വിടാനും വെമ്പൽ കൊണ്ടു. അത് ജനങ്ങൾക്കിടയിൽ സമരക്കാരോട് വലിയ അവമതിപ്പ് ഉണ്ടാക്കി. സമാരാനുകൂലികളുടെ ആവശ്യങ്ങളേക്കാൾ അവർ നടത്തിയ അക്രമങ്ങൾ ചർച്ച ചെയ്യപ്പെട്ടു. പിച്ചി, മാന്തി, തുപ്പി എന്നു പറഞ്ഞ് ജനങ്ങളുടെ ഹർത്താൽ വിരുദ്ധ പ്രതിഷേധത്തെ ചെറുതാക്കരുത്’. ഒരു പരിധി വരെ കേരള സർക്കാരും സമരത്തെ പിന്തുണച്ചു. അവസാനം ഹൈക്കോടതി ഇടപെട്ടപ്പോൾ ഡയസ് നോൺ പ്രഖ്യാപിച്ച് തലയൂരി.
ഐ എൻ ടി യു സി ഉൾപ്പെടെ എല്ലാ തൊഴിലാളി സംഘടനകളും കേരളത്തിൽ സമരരംഗത്ത് ഉണ്ടായിരുന്നു. തൊഴിലാളി സംഘടനകൾ പാർട്ടികളുടെ പോഷക സംഘടന ആണെന്നുള്ള തർക്കം കോൺഗ്രസിൽ പ്രബലമായിരുന്നു. ഐ എൻ ടി യു സി കോൺഗ്രസ്സിൻ്റെ പോഷക സംഘടന അല്ലെങ്കിലും , കോൺഗ്രസുമായി ഐ എൻ ടി യു സി ക്ക് അഭേദ്യമായ ബന്ധമുണ്ട്.
തൊഴിലാളി സംഘടനകളുടെ സമര സമീപനങ്ങളിൽ കാലോചിതമായമാറ്റം വേണം. പല രാജ്യങ്ങളിലും തൊഴിലാളികൾ കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധം അറിയിക്കുന്ന രീതിയാണുള്ളത്. വികസിത രാജ്യങ്ങളിലെ പ്രതിഷേധം അമിതസമയം ജോലി ചെയ്തു കൊണ്ടാണ്. തൊഴിലിടങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് എന്നും പ്രസക്തിയുണ്ട്. അതുകൊണ്ടാണല്ലോ അമേരിക്കയിലെ ആമസോൺ കമ്പനി തൊഴിലാളി സംഘടനയ്ക്ക് അംഗീകാരം നൽകി.
വഴി തടഞ്ഞും, വഴിമുടക്കിയും ഉള്ള പ്രതിഷേധങ്ങൾക്ക് ഇനി പ്രസക്തിയില്ല എന്നാണ് എൻ്റെ പക്ഷം. ജനവിരുദ്ധ സമീപനങ്ങളിൽ നിന്ന് സർക്കാർ പിൻമാറുന്നതോടൊപ്പം ജനദ്രോഹ പ്രതിഷേധങ്ങളിൽ നിന്ന് തൊഴിലാളി സംഘടനകളും പിൻമാറണം.
പ്രൊഫ ജി ബാലചന്ദ്രൻ