ഒരു കുരുക്ഷേത്ര യുദ്ധത്തിന്റെ പ്രതീതി ഉളവാക്കിക്കൊണ്ട് 2024 ലെ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. പണ്ട് കൗരവരും പാണ്ഡവരും പതിനെട്ട് അക്ഷൗഹിണിപ്പടയെയാണ് കുരുക്ഷേത്ര യുദ്ധ ഭൂമിയിൽ നിരത്തിയത്. പതിനൊന്നു അക്ഷൗഹിണിപ്പട കൗരവ പക്ഷത്തും ഏഴു അക്ഷൗഹിണിപ്പട പാണ്ഡവപക്ഷത്തും ആയിരുന്നു. അതിനു സമാനമായി 38 പാർട്ടികൾ ബി.ജെ.പി. പക്ഷത്തും 26 പ്രതിപക്ഷപ്പാർട്ടികൾ കോൺഗ്രസ്സ് പക്ഷത്തും അണിനിരന്നു കഴിഞ്ഞു. പ്രതിപക്ഷപ്പാർട്ടികളുടെ മുന്നണിയ്ക്ക് I.N.D.I.A എന്ന പേരും നല്കി. Indian National Developmental Inclusive Allience.
പ്രധാനമന്ത്രി നരേന്ദ്ര മോദി പർവ്വതം പോലെ ഉയർന്നു നില്ക്കുന്നു. സ്വാർത്ഥ താല്പര്യങ്ങളില്ല. ആരെയും ഇളക്കുന്ന പ്രസംഗ പാടവം. ആർ.എസ്സ്.എസ്സ് സുസജ്ജരായ യോദ്ധാക്കൾ പടനയിക്കാൻ മുൻ നിരയിലുണ്ട്. മോദി ഒരു മൂന്നാം ഊഴം ലക്ഷ്യം വെച്ചുളള നീക്കമാണ്. ഗാന്ധിയേയും നെഹ്റുവിനേയും തമസ്ക്കരിച്ചു കൊണ്ടുള്ള നയമാണ് N.D.A യുടേത്. മിത്തുകളെടുത്ത് പുതിയ രൂപ ഭാവങ്ങൾ നല്കി പ്രചരണായുധമാക്കുകയാണ് തന്ത്രശാലികളായ സേനാ നായകർ. അദാനിയേയും അംബാനിനേയും പോലുള്ള കോർപ്പറേറ്റുകളുടെ പിന്തുണയും അവർക്കുണ്ട്. എതിർക്കുന്ന പാർട്ടി നേതാക്കളെ നിഷ്ക്രിയരാക്കിയും എതിർ ചേരിയിലുള്ള സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ്, ഇൻകം ടാക്സ്,സി.ബി.ഐ. തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗിച്ച് അട്ടിമറി നടത്താനും ശ്രമിക്കുന്നു. ഹിന്ദുത്വ അജന്റ നടപ്പിലാക്കുന്നതിനുവേണ്ടി ഇപ്പോൾ കോമൺ സിവിൽ കോഡ് എന്ന വജ്രായുധം പുറത്തെടുത്തിരിക്കുന്നു. അതിന്റെ കരടു രൂപം പോലും എഴുതി ഉണ്ടാക്കിയിട്ടില്ല. വടക്കേ ഇന്ത്യയിലെ വെള്ളപ്പൊക്കവും മണിപ്പൂരിലെ വംശവെറി പൂണ്ട നരാധമന്മാരുടെ പൈശാചിക തേർവാഴ്ചയും രാജ്യം നേരിടുന്ന വെല്ലുവിളിയാണ്.
ജനങ്ങളെല്ലാം അസ്വസ്ഥരാണ്, ഭയവിഹ്വലരാണ്. ഈ സന്ദർഭത്തിലാണ് പല സംസ്ഥാനങ്ങളിൽ വേരോട്ടമുള്ള എന്നാൽ ആയശ വ്യക്തതയില്ലാത്ത പ്രാദേശികപ്പാർട്ടികളെ കൂട്ടു പിടിച്ച് പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്തിരിക്കുന്നത്. അഭിപ്രായ ഭിന്നതകളെല്ലാം പറഞ്ഞൊതുക്കി ഒരു കുടക്കീഴിൽ അണിനിരത്താനാണ് I.N.D.I.A ഉദ്ദേശിക്കുന്നത്. ആരാണ് നേതാവ്, ആരാണ് പ്രധാന മന്ത്രി സ്ഥാനാർത്ഥി എന്നതൊക്കെ വഴിയേ പറയാം എന്നാണ് രാഹുൽ ഗാന്ധിയും മമതയും കേജ്‌രിവാളും നിതീഷും പറയുന്നത്. ഇതൊരു കടലാസു കൊട്ടാരമാണെന്ന് ബി.ജെ.പി പറയുന്നു.
ഇനിയും ഏതാണ്ട് പത്തു മാസമുണ്ട് അഖിലേന്ത്യാ തെരഞ്ഞെടുപ്പിന്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഘട്ടിലും നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾ ഒരു റിഹേഴ്സലാണ്. അതിൽ ജയിക്കുന്നവരുടെ മിടുക്ക്
വരുംകാല ഐക്യത്തിനു ശക്തി പകരും. പ്രതിപക്ഷപ്പാർട്ടികളിൽ തന്നെ പലരും പ്രധാനമന്ത്രി മോഹികളാണ് അവർ തമ്മിൽ ചില ചില്ലറ പൊട്ടലും ചീറ്റലും ഉണ്ട്.
ഏതായാലും ഈ തെരഞ്ഞെടുപ്പു യുദ്ധം നിലനില്പിന്റേതാണ്.
ഇന്നത്തെ നിലയിൽ വിട്ട് വീഴ്ച്ചകൾ ചെയ്ത് പ്രതിപക്ഷപ്പാർട്ടികൾ ഒന്നിച്ചു നിന്നാൽ, വോട്ടുകൾ ഭിന്നിക്കാതിരുന്നാൽ ‘ഇന്ത്യ’ ജയിക്കും. വില പേശലുകളുടെ പേരിൽ അനുരഞ്ജന ശ്രമം നടത്താൻ കഴിയുന്ന ഒരു കമ്മിറ്റിയുണ്ടാകണം. അതിൽ രാഹുൽ ഗാന്ധിയും മമത ബാനർജിയും കെജ്‌രിവാളും നിതീഷ് കുമാറും ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ പ്രതിപക്ഷപ്പാർട്ടികളുടെ മുന്നണി വിജയിക്കും. അതിന് സജ്ജരായി ജനങ്ങൾ കാത്തിരിക്കുകയാണ്.
പ്രധാനമന്ത്രി പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നു. പാർലിമെന്റിൽ അദ്ദേഹം രാജ്യത്തുള്ള പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നു. അദ്ദേഹം ഇതുവരെ ഒറ്റ പത്ര സമ്മേളനം പോലും നടത്തിയിട്ടില്ല.
ഇപ്പോഴിതാ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പോകുന്നു. ഓരോന്നും എണ്ണി എണ്ണി നിരത്താൻ പ്രതിപക്ഷത്തിനു കഴിയും
പ്രൊഫ.ജി. ബാലചന്ദ്രൻ