പ്രിയപ്പെട്ട ശ്രീ സി. വി. ത്രിവിക്രമൻ ഇന്ന് രാവിലെ ഏവരെയും വിട്ടു പിരിഞ്ഞു. അദ്ദേഹവുമായ് അരനൂറ്റാണ്ടു കാലത്തെ ആത്മബന്ധമുള്ളതുകൊണ്ട് തന്നെ ആ വിയോഗ വാർത്ത ഏറെ ദു:ഖകരമായിരുന്നു. കൈരളിയുടെ സാഹിത്യ നഭസ്സിലെ സ്നേഹ സാന്നിദ്ധ്യമായ ത്രിവിക്രമൻ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. നാൽപ്പത്തിയഞ്ചു വർഷത്തോളം ട്രസ്റ്റിൻ്റെ പ്രവർത്തനം അദ്ദേഹം കണ്ണിലെ കൃഷ്ണമണി പോലെ ഏറ്റെടുത്തു നടത്തി. ഇത്തവണത്തെ വയലാർ അവാർഡ് ബെന്യാമിന് സമ്മാനിക്കുമ്പോഴും അദ്ദേഹം ആരോഗ്യവാനായിരുന്നു. ചടങ്ങിൽ വച്ച് വയലാർ ട്രസ്റ്റിനു വേണ്ടി ആ കർമ്മ തേജസ്സിനെ
പൊന്നാടയണിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിൻ്റെ വിയോഗം മലയാളത്തിലെ സാഹിത്യ കൂട്ടായ്മയിലും, വിശിഷ്യ വയലാർ സ്മാരക ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളിലും അപരിഹാര്യമായ ശൂന്യത സൃഷ്ടിക്കും. അദ്ദേഹത്തിൻ്റെ സുകൃതമായ ഓർമകൾ എന്നും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാർഗദീപമാവും. ശ്രീ ത്രിവിക്രമന് സ്നേഹാദരങ്ങളോടെ വിട…പ്രൊഫ ജി ബാലചന്ദ്രൻ