ആത്മകഥ: ഇന്നലെയുടെ തീരത്ത്

DC ബുക്ക്സ് പ്രസിദ്ധീകരിച്ച പ്രൊഫ ജി ബാലചന്ദ്രൻ സാറിൻ്റെ “ഇന്നലയുടെ തീരത്ത് ” വെറും ഒരാത്മകഥയല്ല. കനൽപഥങ്ങളിലൂടെ നടന്ന ഒരഗ്നിശലഭത്തിൻ്റെ, ഹൃദയരക്തം കൊണ്ടെഴുതിയ അതിജീവനത്തിൻ്റെ ആത്മസാക്ഷ്താകാരത്തിൻ്റെ സഹന കഥയാണ് . എരിയുന്ന അഗ്നിപർവ്വതത്തിനും കലിയടങ്ങാത്ത കടലിനുമിടയിലൂട നടന്ന് കയറിയ ഒരു മഹാമനീഷിയുടെ ചോരയിൽ ചാലിച്ചെഴുതിയ ജീവിത പുസ്തകമാണ് “ഇന്നലെയുടെ തീരത്ത്”.

സ്വപ്‌നങ്ങളുടെ ചടുലതയും, പരിശ്രമത്തിന്റെ ദ്രുതതാളവും കൊണ്ട് , സൂര്യരഥത്തിനു മുന്നിൽ പിന്തിരിഞ്ഞ് നടന്ന്, സ്വയത്നത്താൽ അറിവിൻ്റെ സൂര്യഗായത്രിയെ കീഴടക്കിയ ഒരഗ്നിനക്ഷത്രത്തിൻ്റെ കഥ. ഏകാന്തമായ ഇന്നലെയുടെ തീരത്തേക്ക് നടന്നടുക്കുംന്തോറും ഹൃദയമിടിപ്പ് ഘനഗംഭീരമായ പെരുമ്പറയാവും. സഹനവും സമരവും പ്രണയവും ദുരന്തവുമെല്ലാം സമന്വയിപ്പിച്ച് സർഗപഥങ്ങൾ തീർത്ത ബാലചന്ദ്രൻ സാർ എല്ലാം തുറന്നെഴുതിയിട്ടുണ്ട് . ഒന്നും മറച്ചു വെക്കാതെ .സാഹിത്യത്തിൻ്റെ അതിപ്രസരതയോ ആത്മപ്രശംസയുടെ അതിഭാവുകത്വമോ ഒന്നുമില്ലാതെ, അൻപത് അനുഭവ പർവ്വങ്ങളുടെ കൈപ്പട.  നിഷ്കളങ്കനായ ഒരു പച്ച മനുഷ്യൻ പൊരുതിയും’ പോരാടിയും നടന്നു കീഴടക്കിയ നാട്ടു വഴികൾ . 

കുരുക്കിട്ട് വീഴ്ത്താൻ ശ്രമിച്ചവർ’ , വളഞ്ഞിട്ടാക്രമിച്ചവർ,ധിക്കാരത്തിൻ്റെ ചക്രവ്യൂഹം ചമച്ചവർ, അനീതിയുടെ ഒളിയമ്പെയ്തവർ  എന്നിട്ടും ആ മനുഷ്യൻ എല്ലാം അതിജീവിച്ചു. അവഗണനയുടെ മുന്നിൽ പതറാതെ പൊരുതിയ ആ ദീപപ്രഭ ആകാശ കാഴ്ചകളേക്കാൾ തിളക്കമുള്ളതാണ്. .മുറിവുകളുണ്ടാക്കി വേദനിപ്പിക്കപ്പെട്ടപ്പോഴൊക്കെ അതിനെ തിരുമുറിവുകളാക്കി അതിജീവിക്കുക എന്നത് ആത്മാഭിമാനമുളളവരുടെ കർമ്മമാണെന്ന് എഴുത്തുകാരൻ അനുഭവങ്ങൾ കൊണ്ട് തെളിയിക്കുന്നു. വരികൾക്കുള്ളിൽ ഒളിഞ്ഞും തെളിഞ്ഞും, ആത്മകഥ , ചതിയുടെ ശകുനിമാർക്കു നേരെ ധർമ്മത്തിൻ്റെ സുദർശനം അയക്കുന്നുണ്ട്. അധർമ്മത്തിൻ്റെ ദുര്യോധനപ്പടയുടെ ആൾബലത്തേക്കാൾ എന്നും മുമ്പേ നടന്നത് അംഗബലമില്ലാത്ത യുധിഷ്ഠിരപ്പട തന്നെയാണല്ലോ ?” .ആദർശത്താൽ കൊളുത്തിയ ദീപശിഖയിൽ നിന്ന് കൈ പൊള്ളിയാലും അത് കെടാതെകാക്കുക എന്ന് പറയുന്ന നിശ്ചയദാർഢ്യത്തിൻ്റെതാണ് തീക്കനലിൽ തീർത്ത ബാലചന്ദ്രൻ സാറിന്റെ ആത്മകഥ. 

സങ്കടങ്ങൾ മാത്രം സ്വന്തമായ ശൂന്യതയിൽ നിന്ന് ആ വലിയ മനുഷ്യൻ തുടങ്ങിയ യാത്ര ഇന്ന് അർത്ഥപൂർണമായിരിക്കുന്നു. കല്ലും മുള്ളും നിറഞ്ഞ എത്രയെത്ര ഒറ്റയടിപ്പാതകൾ ,പ്രകാശം നിറഞ്ഞ ആകാശം കൊതിക്കുമ്പോൾ, കൂരിരുട്ടിൻ്റെ മഹാഗർത്തത്തിലേക്ക് ബോധപൂർവ്വം തള്ളിയിട്ടവർ . ഒരു പക്ഷെ ഇതിഹാസം സാക്ഷ്യപ്പെടുത്തിയ സൂര്യപുത്രനോ, അരനാഴികനേരം നരകത്തിലെത്തിയ ധർമ്മപുത്രർക്കോ, കുരുക്ഷേത്രത്തിൻ്റെ നേർസാക്ഷിയായ ബാർബറികനോ ഇത്രയേറേ പത്മവ്യൂഹങ്ങളെ അതിജയിക്കേണ്ടി വന്നു കാണില്ല. എങ്കിലും, ബാലചന്ദ്രൻ സാർ ആദർശത്തിൻ്റെ നിലപാട് തറയിൽ അഗ്നി സ്ഫുലിംഗമായ്, വീണുടയാത്ത സൂര്യകിരീടം ചൂടിയ പച്ചമനുഷ്യനായി എല്ലാം പറയുന്നുണ്ട്.

ചമയങ്ങളില്ലാതെ, വ്യാജ നിർമ്മിതിയുടെ തടവുകാരാനാവാതെ. തൻ്റെ നിഴലിനെ പോലും വിലയിടാനോ വിലയ്ക്കെടുക്കാനോ ആരെയും അനുവദിക്കില്ല എന്ന് പുതിയ കാലത്തോട് തുറന്ന് പറയാൻ ഡയോജിനിസിനു ശേഷം ആർജ്ജവം കാണിച്ച സത്യബോധത്തിൻ്റെ ഗുരുനാഥൻ. ജീവിതത്തിന്റെ കഥയും തിരക്കഥയും, അന്യരുടെവിധി പ്രസ്താവത്തിന് വിട്ടു നൽകാൻ വിട്ടുവീഴ്‌ച ചെയ്യാത്ത ,സ്ഥിതപ്രജ്ഞൻ. ഗാലറിയുടെ അർത്ഥശൂന്യമായ കയ്യടികൾക്കു വേണ്ടി ജീവിത യാത്ര തിരുത്തി എഴുതാൻ തയ്യാറാവാത്ത സ്വാഭിമാനി. ഇരന്നു വാങ്ങിയ കവച കുണ്ഡലങ്ങൾ കൊണ്ട് നേടി എടുക്കുന്ന പദവികളേക്കാളേറെ സുദൃഡമായ ആത്മ ബന്ധങ്ങളെ ശ്വാസ നിശ്വാസത്തിൻ്റെ ഇന്ദിരയും, നീതിയുടെ ജീവനും , ആത്മവിശ്വാസത്തിൻ്റെ റാണിയുമായ് കണ്ട നല്ല മനുഷ്യൻ – പ്രൊഫസർ ജി ബാലചന്ദ്രൻ ഒരിക്കലും ഔദാര്യത്തിൻ്റെ തണലു തേടിയില്ല . സഹതാപത്തിൻ്റെ കണ്ണു നീർ ഒഴുക്കിയില്ല.ആരുടെ മുന്നിലും കരുണ തേടിയലഞ്ഞില്ല. 

വിമർശനങ്ങൾക്ക് മുന്നിൽ പതറിയില്ല . അവഗണനയുടെ നെരിപ്പോടുകളിൽ എരിഞ്ഞടങ്ങാതെ, കനലെരിയുന്ന വഴികളിലൂടെ പാരമ്പര്യത്തിൻ്റെ പെരുമ്പറയോ, ” ആഭിജാത്യത്തിൻ്റെ കുടുമയോ, ഒന്നുമില്ലാഞ്ഞിട്ടും ഉപനിഷത്തിൻ്റെ പ്രകാശം നിറഞ്ഞ ആകാശത്തേക്ക് ഉയിർത്തെണീറ്റ ആലപ്പുഴക്കാരൻ. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീക്കനൽ കൊണ്ട് എഴുതിയ ആത്മകഥയുടെ താളുകൾ മറയ്ക്കുമ്പോൾ സാനുമാഷുടെ ഹൃദയമിടിപ്പിൽ തീർത്ത മുഖവുരയുണ്ട്.  ബാലചന്ദ്രൻ്റെ ചിത്ത പുഷ്പം കരിയുകയില്ലെന്ന് . ശരിയാണ് : ആ സ്നേഹ പുഷ്പം വാടില്ല .

അത് അത്രമേൽ സ്വയം സമർപ്പിതമാണ്. കുട്ടിക്കാലത്തെ കുറുമ്പുകളും പഠന കാലത്തെ കുസൃതികളും ഇല്ലായ്മകളും വല്ലായ്മകളും രക്തബന്ധങ്ങളും ലാഭനഷ്ടങ്ങളും ദേശപ്പെരുമയും കാവും കോലവും ജലസമൃദ്ധിയും എല്ലാം പുസ്തകത്തിൽ ജീവിക്കുന്ന ഛായാ ചിത്രങ്ങളാവുന്നുണ്ട്  ഉടൽ ഉരുകുമ്പോഴും പിടിച്ചുനിർത്തിയ ജീവശ്വാസത്തിന് ഉറ്റവരോടും ഉടയവരോടുമുള്ള കടപ്പാട് ആത്മകഥ എടുത്തു പറയുന്നുണ്ട്.  ഒന്നുമല്ലാഞ്ഞപ്പോഴും ഒന്നുമില്ലാഞ്ഞപ്പോഴും ഉൾക്കരുത്തായ രാമവർമ തമ്പുരാനോടും പാപ്പാ സ്വാമിയോടുമുള്ള നന്ദി സ്നേഹപൂർവ്വം കുറിക്കാൻ ബാലചന്ദ്രൻ സാർ മറന്നിട്ടില്ല. സാഹിത്യകലാരംഗത്തെ മുടിചൂടാമന്നരായ വയലാർ , മലയാറ്റൂർ, തകഴി ,വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയ പ്രതിഭാധനരോടുള്ള ആത്മ ബന്ധവും, ,. പിതൃ -ശിഷ്യ  സുഹൃദ് വാത്സല്യത്തോടെ കൂടെ നിന്ന സുകുമാർ അഴീക്കോട്, പെരുമ്പടവം, സാനു മാസ്റ്റർ , നെടുമുടി വേണു തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത അക്ഷര നക്ഷത്രങ്ങളോടുള്ള അടുപ്പവും ബാചന്ദ്രൻ സാറിന്റെ ആത്മകഥയിലെ സുകൃതമായ അധ്യായങ്ങളാണ്..കേരളത്തിൻ്റെ രാഷ്ടീയ നഭസ്സിൽ ഉദിച്ചുയർന്ന അഗ്നി നക്ഷത്രങ്ങളായ ലീഡർ മുതൽ ആൻറണി വരെയും : ചാണ്ടി സാർ മുതൽ ഉമ്മൻ ചാണ്ടി വരെയും , വയലാർ രവി മുതൽ ചെന്നിത്തല വരെയും , ഇടതുപാതയിലെ വിപ്ലവനായികയായ കെ ആർ ഗൗരിയമ്മയും പിപ്ളവ സൂര്യനായ വി. എസും, മുതൽ പുതിയ നേതൃനിരയിലെ ജി സുധാകരൻ വരെയുമുള്ള രാഷ്ട്രീയേതര സുഹൃദങ്ങൾ പുസ്തകത്തെ ധന്യമാക്കുന്നതാണ്.

ജീവിതവിജയത്തിൻ്റെ ഇന്ദിര സ്വകാര്യ അഹങ്കാരമാവുമ്പോഴും രാഷ്ട്രീയ ഇഛാശക്തിയുടെ ഇഷ്ടം ഇന്ദിരാ പ്രിയദർശിനിക്ക് നൽകിയതു വഴി ത്രിവർണത്തോടുള്ള അടങ്ങാത്ത പ്രണയം അവർത്തിക്കുയാണ്! കുട്ടനാടിൻ്റെ ജലോത്സവമായ, വള്ളംകളിയുടെ കമൻ്ററി നൽകാൻ അച്ചനും അമ്മയും മകളും ഒന്നു ചേർന്നതിൻ്റെ നല്ല ഓർമകൾ ആത്മകഥ ഗൃഹാതുരതയോടെ പങ്കുവെയ്ക്കുന്നു.അതിസാഹസികതയുടെ അനശ്വരമായ പ്രണയപർവ്വമാണ് ആത്മകഥയിലെ വേറിട്ട മറ്റൊരു അടയാളപ്പെടുത്തൽ.ഒരു ചെമ്മാനത്തിൻ്റെ തുടിപ്പും പാദസരത്തിൻ്റെ കിലുക്കവും ഒരായിരം സ്വപ്നവർണങ്ങളും ഒത്തിരി ഹൃദയ സംഗീതവും ഹൃദയങ്ങൾക്ക് സമ്മാനിക്കുന്ന കലാലയ ഓർമകൾ പുസ്തകം നർമ്മരസത്തോടെ പങ്കുവെയ്ക്കുന്നു.”വ്രത തപ പൂർണമായ ഉപാസന കൊണ്ട് ഞാൻ നേടിയെടുത്ത സൗഭാഗ്യമാണ് ബാലചന്ദ്രൻ സാർ “എന്ന ജീവിത സഖിയുടെ വാക്കുകൾ പറയുന്നത് പ്രണയത്തിൻ്റെ വിജയഗാഥയാണ്.നീതി ബോധത്തിൻ്റെ നിയമ പുസ്തകം കയ്യിലെടുത്ത ജീവനും , സ്വയത്നത്താൽ അക്കാഡമിക് – അക്കാഡമികേതര രംഗത്ത്, റാങ്കുകളും, മികവുകളും, ബഹുമതികളും കരസ്ഥമാക്കി ഇന്ത്യൻ പോലീസ് സർവ്വീസിൽ നിലപാടിൻ്റെ കയ്യൊപ്പു ചാർത്തിയ മകളും , സ്നേഹ ധനനായ ഒരച്ഛൻ്റെ ആത്മസംതൃപ്തിയായ് ആത്മകഥയിൽ നിറയുന്നുണ്ട്.

അധ്യാപകൻ, സംഘാടകൻ, സഹകാരി, കെ.പി. സി.സി. യുടെ സാഹിത്യകാര്യ വിഭാഗം മേധാവി, കമൻ്റേറ്റർ, കയർബോർഡ് ചെയർമാൻ എന്നീ നിലയിലുള്ള പ്രവർത്തനങ്ങളും അതുവഴിയുള്ള വിപുലമായ ആത്മ ബന്ധത്തിൻ്റെ നേർ ചിത്രങ്ങളും ആത്മകഥയെ ഒരോർമ്മ ചെപ്പാക്കുന്നു. ആലപ്പുഴയിലെ ലോക കയർ മ്യൂസിയത്തിൻ്റെ ബുദ്ധിയും ശക്തിയും ചാലകശക്തിയും ആയി വർത്തിച്ചത് അത്യധികം സന്തോഷത്തോടെ ഇന്നലെയുടെ തീരത്തിൽ ഓർത്തെടുക്കുന്നുണ്ട്. സൂര്യനായ് തഴുകി ഉറക്കമുണർത്തിയ അഛനെ അഗ്നികുണ്ഡങ്ങൾ വിഴുങ്ങിയ ദുരന്ത ഓർമകളും. കുടിപ്പകയുടെ ക്രൂരതയിൽ നീതിയുടെ തുലാസ് ഒടിഞ്ഞു വീണപ്പോൾ അന്യമായ ജ്യേഷ്ഠനും,  ഉറ്റപെങ്ങളുടെ അകാലത്തിലുള്ള വേർപാടും ആത്മകഥയിലെ തീരാ നൊമ്പരങ്ങളാണ് .

ലീഡറോടും ആൻറണിയോടും വിനയവും വിധേയത്വവും കാണിക്കുമ്പോഴും അവരുടെ മൗനവും അന്യമാക്കിയ സംഘടന – പാർലമെൻ്ററി പദവികളെ പറ്റി ആത്മകഥ വാചാലമാവുന്നുണ്ട്. .ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ നീറുന്ന വേദനാനുഭവങ്ങൾ, ,സംഘടനയെ തോൽപ്പിക്കാൻ ചിലർ കാണിക്കുന്ന നീചമനസും കപട മുഖവുമെല്ലാം കർണനെയും ശല്യരെയും ചേർത്ത് പുസതകം അനാവരണം ചെയ്യുന്നുണ്ട്. ഒരു പക്ഷെ ബാലചന്ദ്രൻ സാറിന്റെ ഇന്നലെയുടെ തീരത്ത് കടലിലെ തിരമാലകളുടെയും ,സൗരയൂഥത്തിലെ നക്ഷത്രങ്ങളുടെയും ജീവിതം അളന്നറിയാൻ മോഹിച്ച അങ്കണപ്പുഴുവിൻ്റെ വീനീത സാഹസമായേക്കാം: എങ്കിലും എല്ലാം തുറന്ന് പറയുമ്പോൾ മേഘാവൃതമായ ആകാശമില്ല. തികഞ്ഞ ആത്മസംതൃപ്തി മാത്രം . നീറുന്ന കരളും നിറയുന്ന കണ്ണും അതിലുപരി ആത്മസംതൃപ്തിയുമായ്ഇന്നലെയുടെ തീരമണയുമ്പോൾ അതിസാഹസികതയുടെ കഥാകാരൻ്റെ,മുഖപ്രസാദ ദീപ്തിക്കു മുന്നിൽ അഞ്ജലിബദ്ധരായ് നിന്നു പോവും.പൂജ്യത്തിൽ നിന്ന് പൂർണതയിലേക്ക് നടന്ന, പ്രൊഫസർ ജി ബാലചന്ദ്രൻ സാറിന്റെ വിജയഗാഥ തന്നെയാണ് ഇന്നലെയുടെ തീരത്ത് എന്ന് കാലം സക്ഷ്യപ്പെടുത്തും.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക